സ്വയം പര്യാപ്തതയുടെ നേർചിത്രമാകും 75-ാമത് റിപ്പബ്ലിക് ദിനം. ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ആയുധങ്ങളുടെ വമ്പൻ പ്രദർശനത്തിനാണ് ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതുമായി പ്രചണ്ഡ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ആന്റി ടാങ്ക് മിസൈലുകൾ തുടങ്ങിയവ പ്രദർശിപ്പിക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇന്ത്യയുടെ മുതൽകൂട്ടായ, ആത്മനിർഭരത പ്രകടമാകുന്ന കവചിത വാഹനങ്ങളും പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച വാഹനങ്ങളുടെയും ബൃഹത്തായ പ്രദർശനവും നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ക്വിക്ക് ഫൈറ്റിംഗ് റിയാക്ഷൻ വെഹിക്കിൾ, ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ, ഓൾ ടെറൈൻ വെഹിക്കിൾ എന്നിവയും കർത്തവ്യ പഥിൽ മാർച്ച് ചെയ്യും.
ടി-90 ടാങ്ക്, BMP-2 ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, ഡ്രോൺ ജാമറുകൾ, അഡ്വാൻസ്ഡ് സർവത്ര ബ്രിഡ്ജ്, മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ ലോഞ്ചർ, മൾട്ടി ഫംഗ്ഷൻ റഡാർ തുടങ്ങിയ ആയുധ സംവിധാനങ്ങളെയും മാർച്ചിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ശത്രുരാജ്യങ്ങളുടെ വെടിവെപ്പിൽ നിന്നും മറ്റ് ഗുരുതര ആക്രമണങ്ങളിൽ നിന്നും സൈനികരെ രക്ഷിക്കാൻ കഴിവുള്ള വെപ്പൺ ലൊക്കേറ്റിംഗ് റഡാറായ സ്വാതി വെപ്പൺ ലൊക്കേറ്റിംഗ് റഡാർ മാർച്ചിലെ പ്രധാന ആകർഷണമാകും. തോക്കുകളും മോർട്ടാറുകളും റോക്കറ്റുകളും കണ്ടെത്താനും അവയ്‌ക്കെതിരെ പോരാടാനും സ്വാതി റഡാറിന് സാധിക്കും.
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്ക് പുറമേ രുദ്ര എന്നറിയപ്പെടുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ ആയുധരൂപത്തിലുള്ള പതിപ്പും ഇന്ത്യൻ സൈന്യം പ്രദർശിപ്പിക്കും. വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള പിനാക, സ്വാതി റഡാർ എന്നിവയും പരേഡിൽ പ്രദർശിപ്പിക്കുന്ന ആയുധ സംവിധാനങ്ങളിൽ ഉൾപ്പെടുന്നു. ഡിആർഡിഒയുടെ കീഴിൽ വികസിപ്പിച്ചെടുത്ത ആയുധങ്ങളാണ് ഇവ.
45 കിലോമീറ്റർ വരെ ദൂരത്തിൽ പ്രതിരോധം തീർക്കാൻ പിനാക റോക്കറ്റ് സിസ്റ്റത്തിന് കഴിയുന്നു. പൂനെ ആസ്ഥാനമായുള്ള ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (എആർഡിഇ) ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയും (എച്ച്ഇഎംആർഎൽ) സംയുക്തമായാണ് റോക്കറ്റ് സംവിധാനം വികസിപ്പിച്ചത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് രൂപകൽപ്പന ചെയ്ത ആദ്യ തദ്ദേശീയ കോംബാക്ട് ഹെലികോപ്റ്ററായ പ്രചണ്ഡും മുഖ്യ ആകർഷണമാകും. ആധുനിക സംവിധാനങ്ങൾ കരുത്തേറിയ പ്രതിരോധം വാഗ്ദാനം ചെയ്യുന്നു. കവച സംരക്ഷണവും രാത്രികാലത്തെ ആക്രമങ്ങളെ ചെറുക്കാനുള്ള കഴിവും വാക്കുകൾക്ക് അതീതമാണ്.