അയോദ്ധ്യ: പശ്ചിമ ബംഗാളിലെ പുരുലിയയിൽ സന്യാസിമാർക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ബംഗാൾ മുഖ്യമന്ത്രിക്ക് ഭഗവദ് നിറം കാണുമ്പോഴെല്ലാം ദേഷ്യം വരുമെന്ന് അദ്ദേഹം ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ തൃണമൂൽ ഗുണ്ടകൾ സന്യസിമാരെ മർദ്ദിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.
മുസ്ലീങ്ങളോട് അനുഭാവം പുലർത്തുന്ന മമത ബാനർജിക്ക് ആരോ മുംതാസ് ഖാൻ എന്ന പേര് നൽകിയിട്ടുണ്ട്. ഹിന്ദുക്കൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രകൾക്കും മറ്റ് മതപരമായ ആഘോഷങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ ആചാര്യ സത്യേന്ദ്ര ദാസ് ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പ്രേരണ നൽകുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭഗവദ്’ നിറം കാണുമ്പോൾ മമത ബാനർജിക്ക് ദേഷ്യം വരും, അതിനാലാണ് ഈ ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം. പ്രീണന രാഷ്‌ട്രീയമാണ് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഹിന്ദു വിരുദ്ധ ചിന്തയുണ്ടാകുന്നതെന്ന് ചോദ്യമാണ് അനുരാഗ് താക്കൂർ ഉയർത്തിയത്.
പുരുലിയയിൽ സന്യാസിമാർക്ക് നേരെയുണ്ടായ ആക്രമണത്തെ ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് അപലപിച്ചു.
പശ്ചിമ ബംഗാളിലെ പുരുലിയയിൽ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണ്. മമതയുടെ സർക്കാർ പാൽഘർ-2 സൃഷ്ടിച്ചിരിക്കുകയാണ് സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് പുരുലിയ ജില്ലയിൽ ഒരു കൂട്ടം സന്യാസിമാരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചത്. മകരസംക്രാന്ത്രി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ യുപിയിൽ നിന്നുള്ള സന്യസി സംഘത്തിനാണ് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.