മലയാളി പ്രേക്ഷകർക്ക് ആവേശമായി മാറിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് ചിത്രം ഓസ്‌ലർ. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജയറാം നായകനാകുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഭാഗമാണെന്ന് അറിഞ്ഞതോടെ ആരാധകരുടെ ആവേശം ഒന്നുകൂടി ഇരട്ടിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് വിവിധ ട്രേഡ് ഗ്രൂപ്പുകളും അനലിസ്റ്റുകളും.
ഓസ്‌ലർ ആദ്യദിനം ആഗോളതലത്തിൽ നേടിയ കളക്ഷൻ ആറ് കോടിയോളം വരുമെന്നാണ് വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ട്. കേരളത്തിന് പുറമെ ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം ദിവസവും ചിത്രം വൻ കളക്ഷൻ നേടിയതായാണ് ആഭ്യന്തര ബോക്‌സോഫീസ് ട്രേഡ് ട്രാക്കറായ സാക്‌നിൽക്.കോം പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഓസ്‌ലർ. കിംഗ് ഓഫ് കൊത്തയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. നേര്, കണ്ണൂർ സ്‌ക്വാഡ്, വോയ്‌സ് ഓഫ് സത്യനാഥൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകൾ. ചിത്രം അവധി ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ചിത്രം സ്ഥിരത നിർത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഷോകളുടെ കണക്കുകൾ ഇന്നും നാളെയും ചിത്രം മികച്ച കക്ഷൻ നേടുമെന്നുമാണ് പ്രതീക്ഷ.
അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രൺധീർ കൃഷ്ണയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര രാജൻ, ജഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു.















