മുംബൈ: സ്ത്രീകളുടെ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരി ശക്തി അഭിയാൻ പ്രഖ്യാപനത്തോടെ ‘നാരി ശക്തി ദൂത് ആപ്ലിക്കേഷൻ’ പുറത്തിറക്കി മഹാരാഷ്‌ട്ര സർക്കാർ. സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ, വനിതാ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ തുടങ്ങിയവ സ്ത്രീകൾക്ക് പെട്ടന്ന് ലഭ്യമാക്കാനാണ് ആപ്ലിക്കേഷന് തുടക്കം കുറിച്ചതെന്ന് മഹാരാഷ്‌ട്ര സർക്കാർ പറഞ്ഞു.
സംസ്ഥാന സർക്കാർ ഓരോ വർഷവും സ്ത്രീകൾക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഈ സംരംഭങ്ങളെ കുറിച്ച് സ്ത്രീകൾക്ക് പലപ്പോഴും വ്യക്തമായ ധാരണകൾ ലഭിക്കാറില്ല. ഇതു പരിഹരിക്കാൻ നാരി ശക്തി ദൂത് ആപ്ലിക്കേഷൻ പോലുള്ള മൊബൈൽ ആപ്പുകൾ ആവശ്യമാണെന്ന് സ്ത്രീ, ശിശു സുരക്ഷാ വകുപ്പ് മന്ത്രി അദിതി താക്കറെ വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പദ്ധതികൾ അറിയിക്കുന്നതിനു വേണ്ടി മാത്രമല്ല ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതികളിൽ അപേക്ഷിക്കുന്നതിനായി വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ ഫോമുകൾ ഓൺലൈനായി പൂരിപ്പിക്കാം. ജില്ലാ പൊതുജനക്ഷേമ ഓഫീസുകൾ സ്ത്രീ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകും, കൂടാതെ മൊബൈൽ ആപ്പുകൾക്കും വെബ് പോർട്ടലുകൾക്കുമായി ഒരു പ്രത്യേക ഡാഷ്‌ബോർഡ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദിതി താക്കറെ അറിയിച്ചു.















