കണ്ണൂർ: പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. കാറിൽ ഉണ്ടായിരുന്ന ആൺകുട്ടിയുടെ ചിത്രം രാത്രി ആയതിനാൽ സ്ത്രീ ആയി തോന്നിയതാകാമെന്നാണ് എംവിഡിയുടെ വിശദീകരണം. സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടയ്‌ക്കണമെന്ന നോട്ടീസിലാണ് ദുരൂഹ ചിത്രം പ്രത്യക്ഷപ്പെട്ടത്.
സെപ്റ്റംബർ മൂന്നിന് രാത്രി എട്ടരയ്‌ക്കാണ് ചിത്രം പയ്യന്നൂർ കേളോത്തെ റോഡ് ക്യാമറയിൽ പതിയുന്നത്. ചെറുവത്തൂർ കൈതക്കാട്ടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ആദിത്യൻ, മുൻ സീറ്റിൽ അമ്മയുടെ സഹോദരിയും പുറകിലെ സീറ്റിൽ പതിനേഴും പത്തും വയസ്സുളള അവരുടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ പിന്നെവിടെ നിന്നാണ് വാഹനത്തിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ചിത്രമെന്നായിരുന്നു സംശയം.
ഓവർ ലാപ്പിംഗ്, പ്രതിബിംബം എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തിന് പിന്നാലെ പ്രചരിച്ചത്. ഇതേ തുടർന്ന് ദുരൂഹത നീക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ പോലീസിൽ പരാതി നൽകി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് എംവിഡിയുടെ ഭാഗത്ത് നിന്നും വിശദീകരണം ലഭിക്കുന്നത്. ചിത്രത്തിലുളളത് പുറകിലെ സീറ്റിലുളള പതിനേഴുകാരനാണ്. രാത്രിയായതിനാൽ സ്ത്രീയെന്ന് തോന്നിയതാണ്. പ്രേതവുമല്ല,സാങ്കേതിക പ്രശ്‌നവുമല്ല എന്നായിരുന്നു എംവിഡിയുടെ വിശദീകരണം. കാറുടമയും പോലീസിൽ പരാതി നൽകിയിരുന്നു.