പാലക്കാട്: അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്ന സാഹചര്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് ഡിവിഷനിൽ മാത്രം കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ ട്രെയിനുകൾ നിർത്തിച്ച് 614 തവണയാണ്. 2023 ജനുവരി മുതൽ ഒക്ടോബർ വരെ പാലക്കാട് ഡിവിഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. ഇവയിൽ ഭൂരിഭാഗം ചെയിൻ പുള്ളിംഗും നടത്തിയത് നിസാര കാര്യങ്ങൾക്കായിരുന്നു. ഇതിന്റെ ഭാഗമായി ട്രെയിനുകൾ 12.48 മണിക്കൂർ സമയം വൈകിയോടിയതായി അധികൃതർ വ്യക്തമാക്കി.
2023-ൽ പാലക്കാട് ഡിവിഷന് കീഴിൽ ചങ്ങല വലിച്ച 614 കേസുകളിൽ 446 എണ്ണവും അനാവശ്യകാര്യത്തിനെന്ന് തെളിഞ്ഞിരുന്നു. ബാക്കിയുള്ളവയിൽ 168 എണ്ണം അനിവാര്യ സാഹചര്യങ്ങളിലാണെന്നാണ് റിപ്പോർട്ട്. ജനറൽ കോച്ചുകളിലാണ് അധികവും ചങ്ങല വലിച്ചിരിക്കുന്നത്. മിക്ക കേസുകളിലും ഇതിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
അപകട സാഹചര്യങ്ങളിൽ മാത്രമേ അപായ ചങ്ങല വലിക്കാൻ പാടുള്ളൂവെന്ന് റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. അനാവശ്യമായി ഇത്തരത്തിൽ ചങ്ങല വലിച്ചാൽ റെയിൽവേ 141 ആക്ട് പ്രകാരം 1,000 രൂപ വരെയാണ് പിഴ. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.