ന്യൂഡൽഹി : ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലദ്വീപിന് പ്രതിദിനം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ട് . പ്രധാനമന്ത്രിയേയും , രാജ്യത്തേയും ആക്ഷേപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാർ ‘ബാൻ മാലദ്വീപ് ‘ ട്രെൻഡിംഗാക്കി മാറ്റിയത്.
ഈ ബഹിഷ്കരണത്തിന്റെ ഫലം ഇപ്പോൾ മാലദ്വീപിലും ദൃശ്യമാണ്. ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലദ്വീപിന് പ്രതിദിനം കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. വിനോദസഞ്ചാരികളിൽ നിന്നും വിനോദസഞ്ചാരത്തിൽ നിന്നും മാത്രം വരുമാനം ലഭിക്കുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ, മാലദ്വീപ് അവിടേക്കുള്ള യാത്രാ ചെലവ് പകുതിയായി കുറച്ചിട്ടുണ്ട്, എന്നിട്ടും ഇന്ത്യക്കാർ അവിടേക്ക് പോകാൻ തയ്യാറല്ല.
വിവാദത്തിന് മുമ്പ്, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു മാലിദ്വീപ്. ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അവിടെ സന്ദർശിച്ചിരുന്നത്. എന്നാൽ ഇന്ത്യക്കാരുടെ ബഹിഷ്‌കരണത്തെത്തുടർന്ന് മാലദ്വീപ് തന്നെ തങ്ങളുടെ 44,000 കുടുംബങ്ങൾ ഇപ്പോൾ ബുദ്ധിമുട്ടിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഇന്ത്യക്കാരുടെ പിന്മാറ്റം അവരുടെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു. ഓൺലൈൻ ട്രാവൽ പോർട്ടലുകളിൽ പോലും ആളുകൾ മാലദ്വീപ് സന്ദർശിക്കാനുള്ള ഓപ്ഷനുകൾ തേടുന്നത് നിർത്തി. പകരം ലക്ഷദ്വീപ് തിരച്ചിൽ 34 മടങ്ങ് വർധിച്ചു.
2023-ൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അതിവേഗം വർധിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം 380 മില്യൺ ഡോളർ (ഏകദേശം 3,152 കോടി രൂപ) ഇന്ത്യക്കാർ മാലദ്വീപിൽ ചെലവഴിച്ചു. ഇന്ത്യക്കാർ അവിടെ പോകുന്നത് നിർത്തിയാൽ മാലിദ്വീപിന് പ്രതിദിനം 8.6 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കാം.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ലക്ഷദ്വീപിലേക്കുള്ള അന്വേഷണങ്ങളിൽ 3,400 ശതമാനം വർധനയുണ്ടായതായി ഓൺലൈൻ ട്രാവൽ ബുക്കിംഗ് വിപണിയിൽ 50 ശതമാനത്തിലധികം വിഹിതമുള്ള പോർട്ടലായ MakeMyTrip പറഞ്ഞു.















