ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഉത്തർപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് സംസ്ഥാനസർക്കാർ പ്രയത്‌നിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. സ്ത്രീസുരക്ഷയ്‌ക്കും അവരുടെ ഉന്നമനത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഉന്നത് ഭാരത് ഗ്രാം അഭിയാന്റെ മിഷൻ ശക്തിയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ 1150 സ്ത്രീകൾക്ക് യോഗി ആദിത്യനാഥ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. പദ്ധതിയിലൂടെ ഗൊരഖ്പൂരിനെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്ത്രീകൾക്ക് തയ്യൽ മെഷീൻ ലഭ്യമായതോടെ ഓരോ ദിവസവും 500 മുതൽ 1000 രൂപവരെ സമ്പാദിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം സ്ത്രീസുരക്ഷയാണ്. ഇതിനായി നിരവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ സംവരണ ബില്ലിലൂടെ കേന്ദ്രസർക്കാർ പാർലമെന്റിലേയും നിയമസഭകളിലേയും സ്ത്രീ സംവരണം 33 ശതമാനം ആക്കി ഉയർത്തി. ബേഠി ബച്ചാവോ ബേഠി പഠാവോ, ജൻധൻ അക്കൗണ്ടുകൾ, ഉജ്ജ്വല യോജന, പിഎം ആവാസ് യോജന, ഗരീബ് കല്യാൺ അന്ന യോജന, മാതൃ വന്ദന ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നടപ്പിലാക്കിയതാണ്.
ഉത്തർപ്രദേശിൽ കന്യാ സുമംഗല യോജന, സമൂഹവിവാഹം, പെൻഷൻ എന്നിവ നടപ്പാക്കി സംസ്ഥാന സർക്കാർ സ്ത്രീശാക്തീകരണത്തിന് കൂടുതൽ പിന്തുണ നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ ബിരുദകാലഘട്ടം വരെയുള്ള പഠനത്തിനായി നൽകുന്ന കന്യാ സുമംഗല യോജന ഈ സാമ്പത്തിക വർഷം മുതൽ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. പെൺകുട്ടികളുടെ വിവാഹത്തിനായുള്ള ധനസഹായം 51,000 രൂപയായും പെൻഷൻ 1000 രൂപയായും ഉയർത്തും. ഒരു കോടിയിലധികം സത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കളാകുക. സ്വാമിത്വ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്ത്രീകൾക്ക് വീടിന്റെ ഉടമസ്ഥാവകാശം നൽകി. അവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി സ്വയം തൊഴിൽ സ്ഥാനപനങ്ങളേയും സർക്കാർ പ്രോത്സാഹിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















