മലപ്പുറം: സമസ്ത പണ്ഡിതമാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അഷ്‌റഫ് കളത്തിങ്ങൽ എന്ന വ്യക്തിയുടെ പരാതിയിന്മേലാണ് സത്താറിനെതിരെ കേസെടുത്തിരിക്കുന്നത്. മലപ്പുറത്ത് നടന്ന മുഖസദസ് സന്ദേശയാത്രയുടെ സമാപനറാലിയിലാണ് സത്താർ പ്രകോപനപരമായ പരാമർശം നടത്തിയത്.
സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം അല്ലാത്തവരെ സമസ്തയ്‌ക്കും ആവശ്യമില്ല. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഞങ്ങളുടെ പ്രവർത്തകരെന്നും സത്താർ പറഞ്ഞു. സമസ്തയിലെ നേതാക്കൾ ഉൾപ്പെടെ സത്താറിനെതിരെ രംഗത്തുവന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ഇതിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു.