ഭോപ്പാൽ: അയോദ്ധ്യയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഇൻഡോറിൽ നിന്നും അയോദ്ധ്യ വരെയുള്ള ട്രെയിനുകൾ ഫെബ്രുവരി 10-ാം തീയതി മുതൽ ഓടി തുടങ്ങുമെന്ന് റെയിൽവേ സഹ മന്ത്രി ദർശന ജർദോഷ് അറിയിച്ചു. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
” ഇൻഡോറിൽ നിന്നും അയോദ്ധ്യയിലേക്ക് ഫെബ്രുവരി 10-ാം തീയതി മുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടി തുടങ്ങും. ഇൻഡോറിനു പുറമെ പശ്ചിമ റെയിൽവേയുടെ മറ്റ് 7 നഗരങ്ങളിൽ നിന്നും സ്‌പെഷ്യൽ ട്രെയിൻ ഉണ്ടായിരിക്കും. ട്രെയിനിന്റെ റൂട്ടുകൾ സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തു വിടും.”- ദർശന ജർദോഷ് കുറിച്ചു.
ഇൻഡോറിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിനുകൾ ഓടി തുടങ്ങണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങിനു ശേഷം അയോദ്ധ്യയിൽ നിരവധി ആളുകൾ ഇൻഡോറിൽ നിന്നും, നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നും സന്ദർശനത്തിനെത്തും. അയോദ്ധ്യയിലേക്ക് എത്തുന്ന ജനങ്ങൾക്ക് അസൗകര്യങ്ങൾ വരുത്താതെ യാത്ര ചെയ്യാനുള്ള സൗകര്യം വർദ്ധിപ്പിക്കുമെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചു. ഇൻഡോറിന് പുറമെ ഉദ്ന (സൂറത്ത്)-അയോദ്ധ്യ, മെഹ്സാന-സലാർപൂർ, വാപി-അയോദ്ധ്യ, വഡോദര-അയോദ്ധ്യ, പാലൻപൂർ-സലാർപൂർ, വൽസാദ്-അയോദ്ധ്യ, സബർമതി-സലാർപൂർ എന്നിവിടങ്ങളെ പ്രത്യേക പാസഞ്ചർ ട്രെയിനുകളും വിവിധ തീയതികളിലായി സർവീസ് നടത്തും. ഈ ട്രെയിനുകളിൽ ചിലത് രത്ലം റെയിൽവേ ഡിവിഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലൂടെയും കടന്നുപോകും.