തെന്നിന്ത്യൻ സിനിമയുടെ പ്രിയനായിക കീർത്തി സുരേഷ് ബോളിവുഡിലേക്ക്. വരുൺ ധവാന്റെ നായികയായാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ വാമിക ഗബ്ബിയും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ ഇന്ന് മുംബൈയിൽ നടന്നു. പൂജ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോ താരങ്ങളും അണിയറ പ്രവർത്തകരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ആക്ഷൻ- എന്റർടെയ്‌നർ ഗണത്തിൽപ്പെടുന്ന ചിത്രം എ കാളീശ്വരനാണ് സംവിധാനം ചെയ്യുന്നത്. ആപ്പിൾ സ്റ്റുഡിയോസ് & സിനി1 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം തെന്നിന്ത്യൻ സംവിധായകൻ ആറ്റ്‌ലിയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
വിഡി18 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പൂജാ വീഡിയോ കീർത്തി സുരേഷും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു ചുവടുവെപ്പാണിതെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.















