ജനുവരി 22-ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭക്തിയോടെ, ആത്മാഭിമാനത്തോടെ രാജ്യമൊട്ടാകെ കാത്തിരിക്കുന്നു. അയോദ്ധ്യയിലെ മണൽ തരികൾക്ക് പോലും നൂറ്റാണ്ടുകളുടെ കഥ പറയാൻ കാണും. ശ്രീരാമ ക്ഷേത്രത്തിൽ മനോഹരമായി കൊത്തിയെടുത്ത കല്ലുകൾക്കുമുണ്ട് വർഷങ്ങളുടെ കഥ പറയാൻ. അണിഞ്ഞൊരുങ്ങിയ അയോദ്ധ്യയിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ കലാ സൃഷ്ടികളുടെ മേൽനോട്ടം വഹിച്ചതാകട്ടെ അഹമ്മദാബാദിലെ 84 കാരനായ അന്നു ഭായ് സോംപുരയും.
അയോദ്ധ്യയിൽ രാമക്ഷേത്രം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തോടെ വർഷങ്ങളായി കല്ലുവെട്ടുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചു വരികയായിരുന്നു അന്നു ഭായ് സോംപുര. 45-ാം വയസിലാണ് അന്നു ഭായ് അയോദ്ധ്യയിലെത്തിയത്. ഇന്ന് അദ്ദേഹത്തിന് 84 വയസ്. വർഷങ്ങൾ നീണ്ട അധ്വാനം, അടിയുറച്ച ആത്മവിശ്വാസം. അയോദ്ധ്യയിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ഭക്തിയുടെ പരകോടിയിലാണ് അന്നു ഭായ്. പുണ്യ ഭൂമിയിൽ വർഷങ്ങളായി എല്ലാ കാര്യങ്ങളും മുന്നിൽ നിന്നു തന്നെ നോക്കി നടത്തിയ അന്നു ഭായ് സോംപുരയുടെ വാക്കുകളിൽ ആത്മാഭിമാനത്തിന്റെ അലയടിക്കുന്നുണ്ട്.
“1990-ൽ അയോദ്ധ്യയിൽ വന്നതാണ് ഞാൻ. ആർക്കിടെക്റ്റ് സിബി സോംപുര ജിയാണ് എന്നെ ഇങ്ങോട്ടയച്ചത്. അഞ്ച് കരകൗശല വിദഗ്ധരെ തിരഞ്ഞെടുക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കരകൗശല വിദഗ്ധരോട് ഞാൻ സംസാരിച്ചു. അവരോട് അയോദ്ധ്യയിലേക്ക് വരാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ ആരും തയ്യാറായില്ല. അവർ വരാൻ ഭയപ്പെട്ടിരുന്നു. എല്ലാവരും വരാൻ മടിച്ച സമയത്ത് എന്റെ ഇളയ സഹോദരനും മകനുമാണ് എനിക്കൊപ്പം ഇവിടെ നിന്നത്. പതിയെ, പതിയെ കൊത്തു പണിക്കാർ വരാൻ ആരംഭിച്ചു. ഇന്ന് 200 കലാകാരന്മാർ ഇവിടെ രാപ്പകലില്ലാതെ അധ്വാനിക്കുന്നു”.
“രാജസ്ഥാനിലെ ബൻസിപാൽപൂർ ഗ്രാമത്തിൽ നിന്നാണ് ഈ കല്ല് വന്നത്. ശ്രീരാമ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ കല്ലുകളുടെ പ്രായം 1000 വർഷമാണ്. ദൂരെ നിന്ന് പോലും ദൃശ്യമാകുന്ന ഇതിലെ കൊത്തുപണികൾ മനോഹരമാണ്. ഈ കല്ലുകൾ കൊണ്ട് മാത്രമേ ക്ഷേത്രം നിർമ്മിക്കൂ എന്നും എല്ലാ കൊത്തുപണികളും കൈകൊണ്ട് ചെയ്യണമെന്നും ഞങ്ങൾ തീരുമാനിക്കുകയായിരുന്നു”.
“45-ാം വയസിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഞാൻ ഇവിടെയെത്തിയത്. ഇപ്പോൾ എനിക്ക് 84 വയസായി. ഈ മനോഹര നിമിഷത്തിന് ഇത്രയും വേഗം സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഒട്ടു പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ജീവിതം മുഴുവൻ അയോദ്ധ്യയ്‌ക്കായി ഞാൻ നൽകി. സർക്കാരുകൾ മാറി മാറി വന്നു പോയി, ഞങ്ങൾ ഇവിടെ അടിയുറച്ചു നിന്നു. ഒരിക്കൽ പോലും ഞങ്ങൾ ജോലി നിർത്തി വച്ചിട്ടില്ല. 34 വർഷത്തോളമായി ഇവിടെ കല്ല് കിടക്കുന്നു. ആ കല്ലുകൾ ഇപ്പോൾ വൃത്തിയാക്കുകയാണ്”- അന്നു ഭായ് സോംപുര പറയുന്നു.















