മധുരൈ: പശ്ചിമഘട്ടത്തിൽ പുതിയ ചിത്രശലഭത്തെ കണ്ടെത്തിയതായി ഐഎഎസ് ഓഫീസർ സുപ്രിയാ സാഹു. 33 വർഷങ്ങൾക്ക് ശേഷമാണ് പശ്ചിമഘട്ടത്തിൽ പുതിയ വർഗ്ഗം ശലഭത്തെ കണ്ടെത്തുന്നതെന്ന് സുപ്രിയാ സാഹു അറിയിച്ചു. സിഗരിറ്റസ് മേഘമലൈൻസെന്നാണ് ഇതിന്റെ പേര്. തേനി കേന്ദ്രമായി പ്രവർത്തിക്കുന്ന വാനം എന്ന എൻജിഒ ആണ് ചിത്രശലഭത്തിന്റെ കണ്ടെത്തലിനു പിന്നിൽ. സിഗരിറ്റസ് സ്പീഷിസിൽ ഉൾപ്പെടുന്ന ശലഭങ്ങളുടെ എണ്ണം ഇതോടെ എട്ടായി. പശ്ചിമ ഘട്ടത്തിൽ 337 ശലഭവർഗ്ഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
ഈ വർഗ്ഗത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇതിന്റെ കാറ്റർപില്ലറുകളെ (ശലഭത്തിന്റെ മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുവിന്റെ അവസ്ഥ) വളർത്തുന്നത് ക്രെമാറ്റോഗാസ്റ്റർ വ്രൂട്ടൊണി എന്ന ഉറുമ്പ് വിഭാഗമാണ്. ആയുസിന്റെ വലിയൊരു പങ്കും കാറ്റർപില്ലറായാണ് ഇത് ജീവിക്കുന്നതെന്ന് വാനം എൻജിഒയിലെ അംഗമായ രാജ്കുമാർ പറഞ്ഞു.
സാധാരണയായി വർഷം മുഴുവനും ശലഭങ്ങളെ കാണാനാകും എന്നാൽ ഇത്തരം ശലഭങ്ങൾ ഫെബ്രുവരി-ഏപ്രിൽ സമയങ്ങളിൽ
ഉയരമേറിയ മേഖലകളിൽ മാത്രമേ കാണാൻ കഴിയൂ. ചിത്രശലഭങ്ങൾ മുട്ടയിട്ടുകഴിഞ്ഞാൽ കാറ്റർപില്ലറുകളെ വളർത്തുന്നത് ഉറുമ്പുകളാണ്. ഇവ പെട്ടെന്ന് പറക്കുന്ന ഇനം ശലഭങ്ങളല്ല. അതിനാൽ ഇവയെ പ്രിഡേറ്ററുകൾ ഭക്ഷിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് കൂടിയാണ് വർഷത്തിൽ കുറച്ച് സമയം മാത്രം ഇവയെ കാണാനാകുന്നത്.