തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുമെന്നറിയിച്ച് റിലയൻസ് ജിയോ. നിലവിൽ തിരുവനന്തപുരത്ത് മാത്രമായിരുന്നു ജിയോയുടെ എയർഫൈബർ സേവനം ലഭ്യമായിരുന്നത്. 2023 സെപ്റ്റംബർ 19-നാണ് രാജ്യത്ത് ജിയോയുടെ എയർ ഫൈബർ സേവനത്തിന് തുടക്കം കുറിക്കുന്നത്.
ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്‌ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന് പുറമെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1,199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. കൂടാതെ 1,199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം എന്നിങ്ങനെ 16 ഒടിടി പ്ലാറ്റ്‌ഫോമുകൾ ലഭിക്കും.
മറ്റ് രണ്ട് പ്ലാനുകളിലും 14 ഒടിടി പ്ലാറ്റ്‌ഫോമുകളാകും ലഭിക്കുക. രാജ്യത്തുടനീളം 1.5 ദശലക്ഷം കിലോമീറ്ററിൽ അധികം വ്യാപിച്ചു കിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ.