ഇൻഡോർ; യശ്വസി ജയ്സ്വാളും ശിവം ദുബെയും ഗ്രൗണ്ടിൽ സൂര്യനായി ഉദിച്ചുയർന്നപ്പോൾ അഫ്ഗാൻ ബൗളർമാർ ചൂടേറ്റ് കരിഞ്ഞു. 172 വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ഒരിക്കൽ പോലും വെല്ലുവിളിക്കാൻ എതിരാൾക്കായില്ല. 15-ാം ഓവറിൽ അനായാസം ഇന്ത്യ വിജയലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അനായാസ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി.26 പന്ത് ബാക്കി നിൽക്കേയായിരുന്നു ഇന്ത്യയുടെ വിജയം.
പന്തെടുത്തവരെല്ലാം തലങ്ങും വിലങ്ങും അടിവാങ്ങി. ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങിയത് ജയ്സ്വാളിന്റെ ബൗണ്ടറിയോടെയായിരുന്നു. എന്നാൽ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഗോൾഡൻ ഡക്കാക്കി ഫാറൂഖി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ അതായിരുന്നു അഫ്ഗാന് സന്തോഷിക്കാനുള്ള അവസാന അവസരം. പിന്നീട് കണ്ടത് ഇന്ത്യൻ ബാറ്റർമാരുടെ അശ്വമേധമായിരുന്നു.
യശ്വസി ജയ്സ്വാൾ കൗണ്ടർ അറ്റാക്കിലൂടെ റൺസ് ഉയർത്തിയപ്പോൾ കോലി പിന്തുണ നൽകി. 16 പന്തിൽ 29 റൺസുമായി കോലി പുറത്തായെങ്കിലും പിന്നാലെയെത്തിയ ശിവം ദുബെ തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോറും കുതിച്ചു. 6 സിക്സും 5 ബൗണ്ടറിയുമായി 34 പന്തിൽ നിന്ന് 68 റൺസുമായി ജയ്സ്വാൾ പുറത്താകുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധശതകം പൂർത്തിയാക്കിയ ദുബെ ഇത്തവണയും ഫിനിഷറുടെ റോൾ അസാദ്ധ്യമായി പൂർത്തിയാക്കി. 32 പന്തിൽ 4 പടുകൂറ്റൻ സിക്സറും 5 ബൗണ്ടറിയുമടക്കം 64 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫാറൂഖി, നവീൻ ഉൾ ഹഖ് എന്നിവർ ഒരു വിക്കറ്റ് നേടിയപ്പോൾ കരീം ജനത്തിന് രണ്ടുവിക്കറ്റ് കിട്ടി.