തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അനധികൃത തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കത്തിൽ ഗവർണർ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടും. സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിനോട് റിപ്പോർട്ട് തേടും. കൃത്രിമ തസ്തികകൾ സൃഷ്ടിക്കാനുള്ള സർവകലാശാല തീരുമാനം അനധികൃതമാണെന്ന പരാതിയിന്മേലാണ് നടപടി. സർക്കാരിന്റെ ഭരണ വിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണർ വെറ്ററിനറി സർവകലാശാലയിലെ കൃത്രിമ നിയമനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നാണു സൂചന. റിപ്പോർട്ട് ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് ഇന്ന് വൈസ് ചാൻസലർക്ക് കത്തയയ്‌ക്കും.
സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് അനധികൃത അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള ബോർഡ് ഓഫ് മാനേജ്‌മെന്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ നിയമ വിദ്ഗധരുമായി കൂടിയാലോചിച്ച് ബോർഡ് ഓഫ് മാനേജ്‌മെന്റിന്റെ തീരുമാനം റദ്ദാക്കാനും ഗവർണർക്ക് അധികാരമുണ്ട്.
സർവ്വകലാശാലയുടെ സ്റ്റാറ്റിയൂട്ടിൽ ഉൾപ്പെടുത്താതെ പുതിയതായി ഏഴ് വകുപ്പുകൾ രൂപവത്കരിച്ചും അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഇല്ലാത്ത തസ്തികകളിലേക്കുമാണ് നിയമനം നടക്കുന്നതെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടിയാണ് ഇതെന്നുമാണ് ആരോപണം. ചില വിഷയങ്ങളിൽ ഇഷ്ടക്കാരെ തിരുകി കയറ്റാനായി നെറ്റ് വേണമെന്ന വ്യവസ്ഥ പോലും നിയമനത്തിനായി ഒഴിവാക്കിയതായും പരാതിയുണ്ട്. ബോർഡ് ഓഫ് മാനേജ്‌മെന്റിൽ ഭൂരിപക്ഷവും സിപിഎം അദ്ധ്യാപക സംഘടനാ പ്രതിനിധികളാണുള്ളത്. ദൈനംദിന ചെലവുകൾക്കും ശമ്പള- പെൻഷൻ വിതരണത്തിനും സർവകലാശാല ബുദ്ധിമുട്ട് നേരിടുമ്പോഴാണ് തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ 20 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യത സർവകലാശാല ഏറ്റെടുക്കുന്നതെന്നും ആരോപണമുണ്ട്.
എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി ജെ ചിഞ്ചുറാണി ഇതുവരെയും തയ്യാറായിട്ടില്ല. വെറ്ററിനറി സർവകലാശാലയിലെ അദ്ധ്യാപക തസ്തികകൾക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടെന്നും നിയമാനുസൃത നിയമനങ്ങളാണ് നടത്തുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.















