പുണ്യഭൂമിയിൽ വസ്തു വാങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ (HoABL) അയോദ്ധ്യയിലെ ‘ദി സരയു’വിലാണ് ബച്ചൻ ഭൂമി വാങ്ങിയത്. ഇവിടെ ഏകദേശം 10,000 ചതുരശ്ര അടിയിൽ 14.5 കോടി രൂപ വിലയിൽ വീട് നിർമ്മിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ നൽകുന്ന വിവരം.
51 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് ദി സരയൂ. ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോദ്ധ്യ എന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ഇവിടെ സരയുവിന്റെ മണ്ണിൽ ഹൗസ് ഓഫ് അഭിനന്ദൻ ലോധയ്‌ക്കൊപ്പം യാത്ര ആരംഭിക്കുകയാണ്. കാലാതീതമായ ആത്മീയതയും സാംസ്കാരിക സമ്പന്നതയും അയോദ്ധ്യയുടെ മുഖ്യമുദ്രയാണ്. ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്കപ്പുറത്തുള്ള വൈകാരിക ബന്ധം കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ട്. അയോദ്ധ്യയുടെ ആത്മാവിലേക്കുള്ള ഹൃദയസ്പർശിയായ യാത്രയുടെ തുടക്കമാണിത്. പാരമ്പര്യവും ആധുനികതയും സമന്വയിച്ച് ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വൈകാരിക രേഖ സൃഷ്ടിക്കാൻ അയോദ്ധ്യക്ക് കഴിയുന്നു. ആത്മീയത തേടി ആഗോള തലത്തിൽ നിന്ന് വരെ കോടിക്കണക്കിന് പേരെത്തുന്ന ഈ പുണ്യഭൂമിയിൽ വസ്തു വാങ്ങാൻ തീവ്ര ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ നാഴികക്കല്ല് എന്നാണ് HoABL ചെയർമാൻ അഭിനന്ദൻ ലോധ പറഞ്ഞത്. രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് നേരം മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയ ഭൂമിയിലേക്കുള്ള ദൂരം. അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്കുള്ളത്. നഗരത്തിന്റെ സാമ്പത്തിക ശേഷിയിലുള്ള വിശ്വാസത്തെയും ആത്മീയ പൈതൃകത്തോടുള്ള ആഴമുള്ള ബന്ധത്തെയും അദ്ദേഹം അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.