അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ മുഹൂർത്തം പ്രഖ്യാപിച്ച് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ജനുവരി 16 മുതൽ ചടങ്ങുകൾ ആരംഭിക്കും. ജനുവരി 22-ന് ഉച്ചയ്‌ക്ക് 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് 2-ന് ചടങ്ങുകൾ സമാപിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ചമ്പത് റായ് വ്യക്തമാക്കി.
രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ഏകദേശം 150-200 കിലോഗ്രാം ഭാരമുണ്ട് വിഗ്രഹത്തിന്. രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പുരോഹിതരുടെ സംഘത്തെ നയിക്കുന്നത് വാരണാസിയിലെ വേദ പണ്ഡിതനായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘ ചാലക്, യുപി മുഖ്യമന്ത്രി, നൃത്യ ഗോപാൽ ജി മഹാരാജ്, യുപി ഗവർണർ തുടങ്ങി എല്ലാ ക്ഷേത്ര ട്രസ്റ്റിമാരും പങ്കെടുക്കും. 150-ലധികം സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പത്മ പുരസ്കാര ജേതാക്കളും ചടങ്ങിന്റെ ഭാഗമാകും. ജനുവരി 23 മുതൽ രാമക്ഷേത്രം പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കുമെന്നും ചമ്പത് റായ് പറഞ്ഞു.















