റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, അമ്പെയ്‌ത്ത് താരം ദ്വീപിക കുമാരി, ഗായകൻ മുകുന്ദ് നായക് തുടങ്ങി ഝാർഖണ്ഡിൽ നിന്നുള്ള 16 വിശിഷ്ട വ്യക്തികൾക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. മുതിർന്ന ആർഎസ്എസ് കാര്യവാഹക് ധനഞ്ജയ് സിംഗ് ധോണിയുടെ റാഞ്ചിയിലെ വസതിയിലെത്തി ക്ഷണം കൈമാറിയതായി അറിയിച്ചു.
” ജനുവരി 22-ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ ഞങ്ങൾ ധോണിക്ക് ക്ഷണം കൈമാറി. ഝാർഖണ്ഡിൽ നിന്നുള്ള 16 വിശിഷ്ടാതിഥികളെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്.” – ധഞ്ജയ് സിംഗ് പറഞ്ഞു.
രാജ്യം കാത്തിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ഝാർഖണ്ഡിൽ നിന്നുള്ള 69- ഓളം സന്ന്യാസിവര്യന്മാരെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നായി ക്ഷണിക്കപ്പെട്ട 8,000 അതിഥികളാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിൽ എത്തുന്നത്.