ലണ്ടൻ: ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം വീണ്ടും ലയണൽ മെസിക്ക്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപെയെയും പിന്നിലാക്കിയാണ് ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ഫിഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം മെസി നേടുന്നത്. എന്നാൽ ലണ്ടനിൽ നടന്ന ചടങ്ങിന് മെസിയും ഹാലണ്ടും എംബാപെയും എത്തിയില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ എന്നീ കീരിടനേട്ടങ്ങളിലേക്ക് സിറ്റിയെ എത്തിച്ചതാണ് ഗാർഡിയോളയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
സ്‌പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് മികച്ച വനിതാ താരം. 2023-ലെ വനിതാ ലോകകപ്പിലെ സ്‌പെയിനിന്റെ കിരീടനേട്ടമാണ് അയ്റ്റാനയെ ഈ നേട്ടത്തിലെത്തിച്ചത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലകയ്‌ക്കുള്ള പുരസ്‌കാരം. ഇതു നാലാം തവണയാണ് വീഗ്മാൻ പുരസ്‌കാരം നേടുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എദേഴ്‌സനാണ് മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം ഏർപ്‌സാണ് മികച്ച വനിതാ ഗോൾകീപ്പർ. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗക സ്വന്തമാക്കി. ബ്രസീലിയൻ പുരുഷ ഫുട്‌ബോൾ ടീമിനാണ് സ്‌പോർട്‌സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്‌കാരം. വംശീയതയ്‌ക്ക് എതിരെയുള്ള പോരാട്ടമാണ് ടീമിനെ ഫെയർപ്ലേ പുരസ്‌കാരത്തിന് അർഹമാക്കിയത്.