തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സംസ്ഥാന വ്യവസായ മന്ത്രി വി രാജീവിനെ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ ബാങ്കുമായി രാജീവിന് എന്ത് ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് മുരളീധരൻ പറഞ്ഞു.
എന്ത് താത്പ്പര്യമാണ് രാജീവിന് കരുവന്നൂർ ബാങ്കിൽ ഉണ്ടായിരുന്നത്. വ്യവസായ മന്ത്രി മിണ്ടാതിരിക്കുന്നത് എന്തിനാണ്. രാവിലെ നവകേരളാ സദസിൽ നടന്നുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ രാജീവ് സംസാരിച്ചത്. എന്നാൽ ഇഡി ചോദ്യം ചെയ്യുമെന്ന് കേട്ടതിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തെ കാണുന്നില്ല.
മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരെയും കേസെടുക്കാനുള്ള നടപടികൾ നടക്കുകയാണ്. കെഎസ്ഐഡിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിലും വ്യവസായ മന്ത്രി പ്രതികരിക്കുന്നില്ല. എറണാകുളം ജില്ലയിൽ ആർക്കൊക്കെ കരുവന്നൂരിൽ നിന്ന് സഹായങ്ങൾ ലഭിച്ചുവെന്ന് അറിയാനുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.















