എറണാകുളം: മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കടലിൽ പോകുന്ന വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് വ്യാപക പരാതിയുമായി മത്സ്യതൊഴിലാളികൾ രംഗത്ത്. 20 അടിയിൽ കൂടുതൽ നീളമുള്ള ഇൻബോർഡ് വള്ളങ്ങൾക്കാണ് ഇൻഷുറൻസ് നിഷേധിക്കുന്നത്.
കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയം തുക അടച്ചവരിൽ നിന്നും ഈ വർഷം പ്രീമിയം തുക സ്വീകരിച്ചിട്ടില്ല. ഇൻഷുറൻസ് നിഷേധിക്കുകയാണെങ്കിൽ ദുരിതത്തിലാകുമെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. ഇൻഷുറൻസ് നടപ്പിലാക്കുന്നതിനായി ഒരു കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി നടത്തുന്നതിന് പുതിയ കമ്പനിയെ നിയോഗിച്ചതോടെ മത്സ്യതൊഴിലാളികളിൽ നിന്നും പ്രീമിയം തുക സ്വീകരിക്കാതെയായി.
വിഷയം മന്ത്രി സജി ചെറിയാനെ അറിയിച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കനത്ത പ്രതിഷേധം ഉണ്ടാകുമെന്ന് മത്സ്യതൊഴിലാളികൾ അറിയിച്ചു.















