പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ചിത്രത്തിന്റെ നാലാം ഘട്ട ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
വരുന്ന മീനത്തിലാണ് കല്യാണം എന്ന് സൂചിപ്പിക്കുന്ന തരത്തിലെ ഒരു വിവാഹ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. വധുവായി അനശ്വര രാജനാണ് അണിഞ്ഞൊരുങ്ങി നിൽക്കുന്നത്. പൃഥ്വരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, മുകേഷ്, യോഗി ബാബു എന്നിവരെയും പോസ്റ്ററിൽ കാണാവുന്നതാണ്. നർമ്മരസമാർന്ന ചിത്രമായിരിക്കും ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ചിത്രം പ്രഖ്യാപനം മുതൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ദീപു പ്രദീപാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീരജ് രവിയാണ്
നിർവഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയവരും ഗുരുവായൂർ അമ്പലനടയിൽ വേഷമിടുന്നുണ്ട്.















