വൻ ഹൈപ്പില്ലാതെ ചെറിയൊരു ബഡ്ജറ്റിൽ ഇറങ്ങിയ തെലുങ്ക് ചിത്രമാണ് ഹനുമാൻ. ചിത്രം 50 കോടി ക്ലബിൽ എത്തുമെന്നായിരുന്നു അനലിസ്റ്റുകളുടെ ആദ്യ റിപ്പോർട്ട്. എന്നാൽ, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ഹനുമാൻ. ആഗോളതലത്തിൽ ചിത്രം ആകെ 100 കോടി രൂപ നേടിയെന്നാണ് ബോക്സോഫീസ് റിപ്പോർട്ട്. തേജ സജ്ജയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തേജസജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ആരാധകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്നു. കേരളത്തിൽ ആദ്യം ചിത്രം 40 തീയേറ്ററുകളിൽ മാത്രമാണ് എത്തിയിരുന്നതെങ്കിലും വൻ ഹൈപ്പ് നേടിയതോടെ വെള്ളിയാഴ്‍ച മുതല്‍ 100 സെന്ററുകളില്‍ പ്രദർശിപ്പിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യറാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ ഛായാഗ്രാഹണം ദാശരധി ശിവേന്ദ്രയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്ക് പുറമേ കന്നഡ, മറാത്തി, സ്‍പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവയിലുമായി ജനുവരി 12നാണ് റിലീസ് ചെയ്‍തത്.















