ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണിക്ക് പിന്നാലെ ഡൽഹിയിൽ പലയിടത്തും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ഔട്ടർ ഡൽഹിയിലെ ചന്ദർ വിഹാർ മേഖലയിലാണ് ഖാലിസ്ഥാനെ പിന്തുണച്ചുകൊണ്ടുളള മുദ്രാവാക്യങ്ങൾ ചുവരുകളിൽ എഴുതിയിരിക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസ് ചുവരെഴുത്തുകൾ നീക്കം ചെയ്യുകയും, സംഭവത്തിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന് ഡൽഹിയിൽ ഖാലിസ്ഥാൻ പതാക ഉയർത്തുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചന്ദ്രവിഹാറിൽ ഖാലിസ്ഥാനെ പിന്തുണച്ച് കൊണ്ട് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിൽ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്‌ട്രം ആവശ്യമാണെന്നും, ഇതിനായി ഹിതപരിശോധനയും വോട്ടെടുപ്പും നടത്തണമെന്നും ചുവരെഴുത്തുകളിൽ ആവശ്യപ്പെടുന്നു. ഡൽഹിയിൽ ഖാലിസ്ഥാൻ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്നും, അതുവഴിയാണ് പന്നൂനിന്റെ നീക്കങ്ങളെന്നുമാണ് സൂചന. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സമാധാനപരമായി നടത്താൻ അനുവദിക്കില്ലെന്നും ഇയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്.















