തൃശൂർ: തൃപ്രയാറിലെ ശ്രീരാമനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. സോപനത്തിൽ നറുനെയ്യും താമരപ്പൂക്കളും അദ്ദേഹം സമർപ്പിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ ശേഷമാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. ക്ഷേത്രക്കുളത്തിലാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. ഒരു മണിക്കൂറിലധികം സമയം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിച്ചു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ വ്രതത്തിലാണ് പ്രധാനമന്ത്രി. വ്രത സമയത്ത് തന്നെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് ശ്രദ്ധേയമാണ്
വലപ്പാട് ഗവ. ഹൈസ്‌കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് ക്ഷേത്രത്തിലെത്തിയത്. പ്രധാനമന്ത്രിയെ കാണാൻ വൻജനവലിയാണ് വഴിയരികിൽ തടിച്ചു കൂടിയത്. ക്ഷേത്രത്തിലെ ബ്രഹ്‌മസ്വം മഠത്തിലെ വിദ്യാർത്ഥികളുടെ വേദ പാരായണം, ഭജന എന്നിവ വീക്ഷിക്കാനും അദ്ദേഹം എത്തി. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രി സന്ദർശനത്തൊടനുബന്ധിച്ച് തൃപ്രയാറിൽ ഏർപ്പെടുത്തിയത്.
ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ച വിഗ്രഹമാണ് തൃപ്രയാറിലെ പ്രതിഷ്ഠ. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ക്ഷേത്രം സന്ദർശിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജനുവരി ഒന്നിനാണ് കത്തയച്ചത്. പ്രതിഷ്ഠയുടെ പ്രത്യേകതയെ കുറിച്ചും ഇതിൽ വിശദീകരിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം.















