ന്യുഡൽഹി : വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമായി ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രജ്ഞാനന്ദ. ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെൻ്റിൽ വീഴ്ത്തിയതോടെയാണ് ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ചത്. 2024-ലെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റാണിത്. നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനെ പ്രജ്ഞാനന്ദ അടിയറവ് പറയിച്ചത്. ആനന്ദിനെ ഫിഡെ റേറ്റിംഗിൽ മറികടന്നാണ് കൗമാര താരം ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2748.3 ആണ് യുവതാരത്തിന്റെ റേറ്റിംഗ്. സീനിയർ താരത്തിനുള്ളത് 2748 ആണ്.
പരിചയ സമ്പന്നനായ ലിറനെ ക്ലാസിക്കൽ ചെസിൽ തോൽപ്പിക്കുന്ന രണ്ടാം താരമാണ് ആർ. പ്രജ്ഞാന്ദ. ആനന്ദായിരുന്നു ആദ്യ താരം. ആദ്യ റൗണ്ടുകളിൽ സമനിലയിലായിട്ടും സമചിത്തത കൈവിടാതെ കറുത്ത കരുക്കളുമായി നടത്തിയ നീക്കങ്ങളാണ് 18കാരന് നാലാം റൗണ്ടിൽ വിജയം നൽകിയത്.
‘ക്ലാസിക്കൽ ചെസിൽ ലോക ചാമ്പ്യനെ പരാജയപ്പെടുത്തുന്നത് മികച്ച കാര്യമാണ്. ആദ്യ മൂന്നു ഗെയിംമിലും നന്നായി കളിക്കാൻ കഴിഞ്ഞു. പിന്നീട് കഴിഞ്ഞ വർഷത്തിന് സമാനമായിരുന്നു. അവരെ തോൽപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ല”- പ്രജ്ഞാനന്ദ പറഞ്ഞു.