എറണാകുളം: 4,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മണ്ണിൽ നിന്ന് ഇത്രയധികം പദ്ധതികൾ സമർപ്പിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. നാടിനാകെ അഭിമാനകരമായ കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
” 4,000 കോടിയുടെ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നിന്നും രാജ്യത്തിനാകെ സമർപ്പിക്കപ്പെടുന്ന കാര്യമാണെന്നുള്ളത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി കേരളത്തിനാകെ സമർപ്പിച്ച പദ്ധതികളിൽ 4,000 ആളുകൾക്ക് പുതിയ ജോലി അവസരങ്ങൾ നൽകും. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യയ്‌ക്കൊപ്പം മേയ്ഡ് ഇൻ കേരളയ്‌ക്കും ഭാഗമാകാൻ സാധിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനൊപ്പം പങ്കാളികളാകാൻ കേരളത്തിൽ 4,000 കോടി രൂപയുടെ പദ്ധതികൾ നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു.”- മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്നും എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിൽ പാട്ടത്തിനെടുത്ത 42 ഏക്കറിൽ 970 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർനാഷണൽ ഷിപ്പ് റിപ്പർ ഫെസിലിറ്റി, തേവരയിൽ 1,800 കോടി രൂപ നിക്ഷേപത്തിൽ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിച്ചത്. അന്താരാഷ്‌ട്ര കപ്പൽ അറ്റകുറ്റപ്പണി യാഥാർത്ഥ്യമാകുന്നതോടെ നിരവധി ജനങ്ങൾക്കാണ് ഇതുവഴി തൊഴിൽ ലഭിക്കുന്നത്.















