പ്രിയ താരങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. ഇക്കൂട്ടത്തിൽ ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്ന ഒന്നാണ് എയർപോർട്ട് ഫോട്ടോഗ്രാഫി. പ്രിയ താരങ്ങൾ വിമാനത്താവളത്തിൽ എത്തുമ്പോൾ തികച്ചും അപ്രതീക്ഷിതമെന്ന് തോന്നുന്ന തരത്തിൽ പകർത്തുന്ന ഇത്തരം വീഡിയോകൾക്ക് ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ ഇത്തരം എയർപോർട്ട് വീഡിയോകൾക്ക് പിന്നിലെ കള്ളത്തരം തുറന്നു പറയുകയാണ് നടൻ ജയറാം.
നമ്മുടെ നാട്ടിൽ എയർപോർട്ട് ഫോട്ടോഗ്രാഫി എത്രത്തോളം സജീവമാണെന്ന് എനിക്ക് അറിയില്ല. എന്നാൽ ഹൈദരാബാദിലൊക്കെ പോയാൽ എയർപോർട്ട് ഫോട്ടോഗ്രാഫി എന്നത് വളരെ സജീവമാണ്. ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങൾക്കൊക്കെയും ഞാൻ അവിടെ എത്തുമ്പോൾ ഇത്തരക്കാർ എന്നെ സമീപിക്കാറുണ്ട്. കൂടാതെ പല തെലുങ്ക് സിനിമകളുടെ ലൊക്കേഷനുകളിലും എയർപോർട്ട് ഫോട്ടോഗ്രാഫി ചെയ്യുന്നവർ എന്നെ സമീപിച്ചിട്ടുണ്ട്.
ചെന്നൈയിലേക്ക് എപ്പോഴാണ് മടങ്ങിപോകുന്നത്. ഒരു എയർപോർട്ട് ഫോട്ടോഗ്രാഫി അറേഞ്ച് ചെയ്യട്ടെ എന്നൊക്കെ ചോദിച്ച് ഇത്തരക്കാർ എത്തിയിട്ടുണ്ട്. ഇവർ തന്നെയായിരിക്കും നമ്മൾ എയർപോർട്ടിൽ ഉപയോഗിക്കേണ്ട ഡ്രസ്സിനെ കുറിച്ചും മറ്റും തീരുമാനിക്കുന്നത്. ഒപ്പം അവർ നമുക്കൊരു തിരക്കഥയും തയ്യാറാക്കി നൽകും. എയർപോർട്ടിൽ നമുക്ക് വേണ്ടിയുള്ള സെക്യൂരിറ്റിയും ഇവർ തന്നെ തയ്യാറാക്കും. അതിനിടയിലൂടെ കാറിന്റെ ഡോർ തുറന്ന് ഇറങ്ങുന്നത് തൊട്ടുള്ള നമ്മുടെ വീഡിയോ അവർ പകർത്തും.
നമ്മുടെ വീഡിയോയ്‌ക്ക് അവർ തന്നെ മ്യൂസിക്കൊക്കെയിട്ട് സോഷ്യൽ മീഡിയയിൽ വൈറലാക്കും. ഒപ്പം ഹൈദരാബാദ് എയർപോർട്ടിൽ ജയറാം എത്തിയപ്പോൾ എന്ന് അവർ തന്നെ ക്യാപ്ഷനും നൽകും. വീഡിയോ എടുക്കുന്നതിനായി ഫാനൊക്കെയുണ്ടാവും അവരുടെ കൈയിൽ. നമ്മൾ നടക്കുമ്പോൾ മുടിയൊക്കെ പറത്തി നല്ല സ്റ്റൈലിൽ നടക്കാം.
ഇനി വേറൊരു ടൈപ്പ് കൂടിയുണ്ട്. തൊപ്പിയും മാസ്‌കും ധരിച്ച് ആൾക്കൂട്ടത്തിലൂടെ രഹസ്യമായി നടന്ന് പോകുമ്പോൾ ക്യാമറയുമായി ഇവർ നമ്മുടെ പിറകിലൂടെ വന്ന് കണ്ടുപിടിക്കും. അത്തരത്തിൽ പല ടൈപ്പിൽ അവർ ചെയ്ത് തരും. അവരിലൊരാൾ വന്ന് സിനിമാ താരമല്ലേ എന്ന് ചോദിക്കും. ഇങ്ങനെ പലതരത്തിലുള്ള എയർപോർട്ട് ഫോട്ടോഗ്രാഫികൾ ഇന്നുണ്ട്.
എന്നാൽ ഇത്തരത്തിൽ സ്വയം പ്രമോഷൻ ചെയ്യുന്ന കാര്യത്തിൽ ഞാൻ വലിയ പരാജയമാണ്. അതെന്റെ പോരായ്മ തന്നെയാണ്. പക്ഷേ എനിക്കതിനോടൊന്നും വലിയ താൽപര്യം തോന്നിയിട്ടില്ല. ജയറാം പറഞ്ഞു.















