ലക്‌നൗ: അയോദ്ധ്യയിലേക്ക് ശ്രീരാമൻ തിരികെ വരുന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നുപൊങ്ങിയപ്പോൾ ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ച കല്ലുകൾ പോലും അതീവ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തതെന്ന് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ്(NIRM) പറയുന്നു. രാക്ഷേത്രം പണിയുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകൾ മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
” അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകൾ ഉപയോഗിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തിയിരുന്നു. ഗ്രാനൈറ്റ്, മാബിൾ, സാൻഡ്‌സ്‌റ്റോൺ എന്നിവ വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. 20,700 ഗ്രാനൈറ്റുകൾ, 32,800 സാൻഡ്‌സ്‌റ്റോണുകൾ, 7,200 മാർബിളുകൾ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവയ്‌ക്ക് ഐഎസ്‌ഐ മാനദണ്ഡം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിരുന്നു”.- NIRM ഡയറക്ടർ അറിയിച്ചു.
ചാര നിറത്തിലുള്ള ഗ്രാനൈറ്റുകളാണ് ക്ഷേത്രത്തിന്റെ അടിത്തറയ്‌ക്കായി ഉപയോഗിച്ചത്. ഓംഗോർ, ചിമകുർത്തി, വാറങ്കൽ, കരിംനഗർ എന്നിവിടങ്ങളിൽ നിന്നും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് കൊണ്ടുവന്ന ഗ്രാനൈറ്റുകൾക്ക് കുറഞ്ഞത് 2,100 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. അയോദ്ധ്യയിലെത്തിച്ച ഈ കല്ലുകളുടെ കാഠിന്യം പരിശോധിച്ചതിനു ശേഷമാണ് ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
”രാജസ്ഥാനിൽ നിന്നാണ് സാൻഡ്‌സ്‌റ്റോണുകൾ എത്തിച്ചത്. ഇവയ്‌ക്ക് 700- 1000 ദശലക്ഷം പഴക്കമുണ്ട്. സാൻഡ്‌സ്‌റ്റോൺ ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. സാൻഡ്‌സ്‌റ്റോൺ മൃദുവായതുകൊണ്ടു തന്നെ അതിൽ കൊത്തിയെടുക്കാൻ എളുപ്പമാണ്. അതുപോലെ തന്നെ ഇത് മണ്ണൊലിപ്പ് പോലുള്ള മോശം കാലാവസ്ഥകൾ തടയാനും സഹായിക്കുന്നു.”- ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ചെയർപേഴ്‌സൺ പറഞ്ഞു.
വെള്ള നിറത്തിലുള്ള മാർബിളുകൾ രാജസ്ഥാനിലെ മക്രാന ഖനികളിൽ നിന്നും വിദഗ്ധ പരിശോധയ്‌ക്ക് ശേഷം അയോദ്ധ്യയിലെത്തിച്ചവയാണ്. മാർബിൾക്കല്ലുകൾക്ക് ഏകദേശം 1,450 ദശലക്ഷം വർഷം പഴക്കമുണ്ട്. കല്ലുകളുടെ സാന്ദ്രത, ബലം, ജലം ആഗിരണം ചെയ്യാനുള്ള കഴിവ് തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.















