തേങ്ങ അരച്ചൊഴിച്ച കറികളും തേങ്ങാപ്പാൽ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം മലയാളികളും. തേങ്ങാപ്പാൽ ഒഴിച്ചുള്ള കറികൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ പല വീടുകളിലും തേങ്ങാപ്പാൽ ആവശ്യത്തിനെടുത്ത് ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഒരു പ്രവണത കൂടി വരുന്നുണ്ട്. വീണ്ടും വീണ്ടും തേങ്ങ പൊതിച്ച് പാൽ എടുക്കുകയെന്നത് അത്ര എളുപ്പത്തിൽ ചെയ്യാൻ കഴിയാത്ത കാര്യമല്ലാത്തതിനാൽ തന്നെ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ നാം നിർബന്ധിതരാവുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്.
രാവിലെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ അന്നു രാത്രിക്ക് മുമ്പു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. തേങ്ങാപ്പാൽ ബാക്കി വരികയാണെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രീസറിൽ വയ്‌ക്കാം. ഇത് ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്നു. എന്നാൽ പിറ്റേദിവസം വളരെ വൈകി എടുത്ത് ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. തേങ്ങ ചുരണ്ടി കുറച്ചു നേരം പുറത്തു വച്ചാൽ പോലും പെട്ടന്ന് കേടുവരാൻ സാധ്യത കൂടുതലാണ്. തേങ്ങാപ്പാലിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. തേങ്ങാപ്പാൽ പുറത്ത് കുറച്ചു നേരം വച്ചാൽ പെട്ടന്ന് കേടുവരും. ഇതൊഴിവാക്കാനായി അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്‌ക്കാം. എന്നാൽ പെട്ടെന്ന് ഉപയോഗിക്കാൻ ശ്രമിക്കുക.