തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഹോട്ടലുകൾക്ക് പുതിയ നിർദ്ദേശം പുറത്തുവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പാഴ്‌സൽ നൽകുമ്പോൾ ആഹാരം തയ്യാറാക്കിയ സമയക്രമം ഉൾപ്പെടെയുള്ള ലേബലുകൾ കവറിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
കടകളിൽ നിന്നും പാഴ്‌സൽ നൽകുമ്പോൾ ലേബലുകൾ പതിപ്പിക്കണമെന്ന് കടയുടമകൾക്ക് നിർദ്ദേശം മുമ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാതെ വന്നതോടെയാണ് നിയമം കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്. കടകളിൽ നിന്നും പാഴ്‌സലായി വാങ്ങുന്ന ഊണ്, കറികൾ, സ്‌നാക്‌സുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് നിയമം ബാധകമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഷവർമ്മ പോലുള്ള ഭക്ഷണങ്ങൾ പാഴ്‌സൽ നൽകിയ ശേഷം ആളുകൾ അവരുടെ സൗകര്യപ്രദം കഴിക്കുന്നതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്. ചില ഭക്ഷണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമാകുന്നു. ഇതു തടയാൻ ഹോട്ടലുകാർ പാഴ്‌സൽ നൽകുമ്പോൾ ഉപയോഗിക്കേണ്ട സമയപരിധി കൃത്യമായി അടയാളപ്പെടുത്തണമെന്നും സമയ പരിധിക്കുള്ളിൽ ഭക്ഷണം കഴിക്കാൻ ആളുകൾക്ക് ഇത് സഹായകമാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ പറഞ്ഞു.















