രാവിലെ പല്ല് തേക്കാതെ ഗ്ലാസോ പ്ലേറ്റോ എടുത്താൽ വടി എടുക്കുന്നവരായിരിക്കും മിക്ക വീടുകളിലെയും അമ്മമാർ. പല്ല് തേയ്‌ക്കാതെ പച്ചവെള്ളം തരില്ലെന്ന് പലപ്പോഴും വീട്ടുകാർ പറയുന്നത് നാം കേട്ടിരിക്കും. എന്നാൽ ഇനി വീട്ടിൽ നിന്നും അങ്ങനെ കേൾക്കുകയാണെങ്കിൽ പല്ല് തേയ്‌ക്കാതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അവരോട് പറയാം..
രാത്രി കിടക്കുന്നതിനു മുമ്പായി നിങ്ങൾ പല്ല് തേക്കാറുണ്ടെങ്കിൽ പിറ്റേ ദിവസം രാവിലെ പല്ല് തേക്കാതെ ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ച് തുടങ്ങുന്നതിൽ പ്രശ്‌നമില്ല. ഉറക്കം ഉണർന്നയുടൻ ശുദ്ധജലം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുമ്പോൾ വായയിലെ സലൈവ വെള്ളത്തിനൊപ്പം കുടലിൽ എത്തുകയും ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. ഉറക്കം ഉണർന്നാൽ പലരും വയറെരിച്ചിൽ, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടാറുണ്ട്. ഇതില്ലാതാക്കാൻ അതിരാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ച് തുടങ്ങാം. ചർമ്മകാന്തി വർദ്ധിപ്പിക്കാനും രാവിലെ വെള്ളം കുടിച്ച് തുടങ്ങുന്നത് നല്ലതാണ്. അതിരാവിലെ പല്ല് തേയ്‌ക്കാതെ വെള്ളം കുടിക്കുന്നവരാണെങ്കിൽ തലേ ദിവസം രാത്രി പല്ല് വൃത്തിയായി തേച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ വായയിലെ ബാക്ടീരിയകൾ വെള്ളത്തിനൊപ്പം വയറ്റിൽ എത്തുകയും അത് ആരോഗ്യത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.