ഏകദേശം 8,900- ലധികം റെയിൽവേസ്റ്റേഷനുകളാണ് നമ്മുടെ ഭാരതത്തിലുള്ളത്. ആധുനിക ഗതാഗത സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന റെയിൽവേ മേഖല ഭാരതത്തിന്റെ സാംസ്‌കാരവും പൈതൃകവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തലുകളിൽ പറയുന്നത്. വിവിധ റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ രാമായണവും അതുമായി ബന്ധപ്പെട്ട ചരിത്രത്തെയും പ്രതിപാദിക്കുന്നതാണെന്ന് കണ്ടെത്തലുകളിൽ വെളിപ്പെടുത്തുന്നു.
8,911 റെയിൽവേ സ്റ്റേഷനുകളിൽ 350-ലധികം സ്റ്റേഷനുകൾ ‘റാം’ എന്ന പേര് വഹിക്കുന്നുണ്ട്. ഇതിൽ 55-ലധികം റെയിൽവേ സ്റ്റേഷനുകളുടെ പേരിന്റെ തുടക്കത്തിൽ തന്നെ ‘റാം’ എന്ന് ഉപയോഗിച്ച് തുടങ്ങുന്നു. ഭാരതീയ പാരമ്പര്യത്തിന്റെ പ്രതിരൂപമായ ശ്രീരാമന് നൽകിയ ആദരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനുപുറമെ രാമായണം പ്രതിഫലിക്കുന്ന ഒട്ടനവധി സ്ഥലങ്ങളിലൂടെയും റെയിൽവേ ട്രാക്കുകൾ കടന്നു പോകുന്നുണ്ട്. തമിഴ്‌നാട്ടിലെ രാമേശ്വരം, ട്രിച്ചിയിലെ രാമനാഥപുരം, ഒഡീഷയിലെ മഹേന്ദ്രി, നന്ദിഗ്രാം, ഉത്തർപ്രദേശിലെ പ്രയാഗ്രാജ് തുടങ്ങിയ അനവധി സ്ഥലങ്ങളാണ് രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇതുപോലെ ഝാർഖണ്ഡിലെ ഗുംല ഹനുമാന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശവും പുരാണമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യൻ റെയിൽവേസ്റ്റേഷനുകളുടെ പേരുകൾ തന്നെ രാമായണത്തെ വിളിച്ചോതുന്നതാണെന്നാണ് അടുത്തിടെ നടത്തിയ കണ്ടെത്തലുകളിൽ പറയുന്നത്.