വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും ഇഷ്ടയിടമാണ് ഉത്തരാഖണ്ഡ്. മഞ്ഞ് പുതച്ച മലനിരകളുടെ ഭംഗി ആസ്വദിക്കാൻ മഞ്ഞുവീഴ്‌ച്ചയുള്ള സമയങ്ങളിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വിനോദസഞ്ചാരികളെ ആകർഷിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ പലഭാഗത്തും ഇപ്പോൾ കനത്ത മഞ്ഞുവീഴ്‌ച്ചയാണ് അനുഭവപ്പെടുന്നത് ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളൊക്കെ മഞ്ഞ് പുതക്കാൻ തുടങ്ങിയിരിക്കുകയാണ്.
തീർത്ഥാടകരെ വരവേൽക്കാൽ കേദാർനാഥ് താഴ്വരയും ഒരുങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മഞ്ഞുവീഴ്ച ആരംഭിച്ചത് മുതൽ അതിശക്തമായ തണുപ്പാണ് കേദാർനാഥിൽ അനുഭവപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കേദാർനാഥ്. ജനുവരി 23-വരെ കേദാർനാഥിലെ താപനില -16 മുതൽ -18 വരെയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ബദരീനാഥ് ധാം, ഹേമകുണ്ഡ്, രുദ്രനാഥ് തുടങ്ങിയ പ്രദേശങ്ങളിലും അതിശക്തമായ മഞ്ഞുവീഴ്ചയാണുള്ളത്. പ്രദേശത്ത് നേരിയ മഴയക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.















