വയനാട്: എടപ്പെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ തീവെച്ചയാൾ പിടിയിൽ. കൽപ്പറ്റ സ്വദേശി സുജിത്ത് ലാൽ ആണ് പിടിയിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് ഇയാൾ തീവെച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആക്രി സാധനങ്ങൾ സംഭരിക്കുന്ന കേന്ദ്രം കത്തി നശിച്ചത്. സംഭവത്തിൽ ആളപായം ഇല്ലെങ്കിലും സ്ഥാപനം പൂർണമായും കത്തി നശിക്കുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്ഥാപനത്തിനു സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഭവം ആസൂത്രിതമായി ചെയ്തതാണെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.