ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ താരം സുമിത് നാഗലിന്റെ സ്വപ്ന കുതിപ്പിന് വിരാമം. ചൈനീസ് താരത്തോട് പരാജയം സമ്മതിച്ച് പുറത്താവുകയായിരുന്നു. സകോർ 2-6,6-3,7-5,6-4. ജുൻചെങ് ഷാങ് ആണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യൻ താരം വലിയ നേട്ടങ്ങൾ സ്വന്തമാക്കി തലയുയർത്തിയാണ് മടങ്ങുന്നത്.
35 വർഷത്തിനിടെ ഒരു ഗ്രാൻഡ് സ്ലാമിൽ സീഡ് ചെയ്യപ്പെട്ട താരത്തെ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സുമിത് നാഗൽ. 1989-ൽ ഓസ്ട്രേലിയൻ ഓപ്പണിൽ രാമനാഥ കൃഷ്ണന്റെ നേട്ടം കൈയെത്തി പിടിക്കാൻ സുമിത്തിന് കഴിഞ്ഞില്ല. മൂന്നാം റൗണ്ടിൽ പ്രവേശിച്ചിരുന്നെങ്കിൽ ഈ റൗണ്ടിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകുമായിരുന്നു സുമിത്. ചൈനീസ് താരം കരുത്തനായ കാർലോസ് അൽകാരസിനെയാകും അടുത്ത റൗണ്ടിൽ നേരിടുക.