പാലക്കാട്: കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു. ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് പാലക്കാട് ലക്കിടിയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചുപൂട്ടിയത്. ശമ്പള പ്രതിസന്ധിയെ തുടർന്ന് രണ്ട് സ്ഥിരം ജീവനക്കാരും കലാപീഠം അദ്ധ്യാപകരായ ഏഴുപേരും കൂട്ട അവധി എടുത്തതോടെയാണ് സ്മാരകം പൂട്ടിയത്. ഇതോടെ വിദ്യാർത്ഥികളുടെ പഠനം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ്.
ശമ്പളകുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് ഈ മാസം 15 മുതലാണ് ജീവനക്കാർ കൂട്ട അവധിയെടുത്തത്. പതിനാറു മാസത്തോളമായി അദ്ധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ട്. തുള്ളൽ വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്ന് പഠന സഹായമായി ലഭിച്ചിരുന്ന ഗ്രാന്റും നിലച്ചതോടെ വിദ്യാർത്ഥികളുടെ പഠനവും നിലക്കുന്ന അവസ്ഥയിലാണ്.
സാംസ്‌കാരിക വകുപ്പിനു കീഴിൽ കിള്ളിക്കുറുശ്ശിമംഗലത്ത് പ്രവർത്തിക്കുന്ന കുഞ്ചൻ നമ്പ്യാർ സ്മാരകം പൂട്ടിയതോടെ ഇവിടെയെത്തുന്ന സന്ദർശകരും നിരാശയോടെ മടങ്ങുകയാണ്.















