അഹമ്മദാബാദ്: വഡോദരയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സംസ്ഥാന ധനസഹായം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് ധനസഹായം.
ഹരണി തടാകത്തിൽ വച്ചുണ്ടായ അപകടത്തിൽ 16 പേരാണ് മുങ്ങി മരിച്ചത്. ഇതിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എൻഡിആർഎഫ് ഉദ്യോഗസ്ഥരും നീന്തൽ വിദഗ്ധരും ചേർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ബോട്ടിൽ 27 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.