തിരുവനന്തപുരം: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഉപഹാരമായി നൽകുന്ന ഓണവില്ല് കൈമാറി. ശ്രീരാമ തീർത്ഥ ട്രസ്റ്റിന്റെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കാണ് ഓണവില്ല് കൈമാറിയത്.
വൈകിട്ട് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യ വർമ, തുളസി ഭാസ്‌കരൻ, എക്സിക്യുട്ടീവ് ഓഫീസർ ബി. മഹേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആയിരക്കണക്കിന് ഭക്തരാണ് ഓണവില്ലുമായി നഗരത്തിന് ചുറ്റും പ്രദിക്ഷണം വച്ചത്. ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് ഓണവില്ല് കൊണ്ടുപോകും. 21-ന് ഓണവില്ല് വിമാന മാർഗം അയോദ്ധ്യയിലെത്തിക്കും.