കൊല്ലം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് നൃത്തം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് മലയാളി നർത്തകിക്ക്. ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനി ജെ.പി. ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. പ്രശസ്ത മോഹനിയാട്ട കലാകാരിയായ ദീപ്തി ഓംചേരി നേതൃത്വം കൊടുക്കുന്ന സംഘമാണ് അയോദ്ധ്യയിൽ 22-ാം തീയതി മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.
അയോദ്ധ്യയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള അറിയിപ്പ് ഈ മാസം 14-നായിരുന്നു ലഭിച്ചത്. തുടർന്ന് പരിശീലനം ആരംഭിക്കുകയും ചെയ്തു. സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് കുട്ടികളുമുണ്ട്. അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള ഉത്സാഹത്തിലാണ് ഭാരതിയും സുഹൃത്തുക്കളും.
കൊല്ലം അയത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാഡമിയിലെ രാജേന്ദ്രന്റെയും കലാമണ്ഡലം മായരാജേന്ദ്രന്റെയും ശിക്ഷണത്തില്‍ കഴിഞ്ഞ 14 വര്‍ഷമായി മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും പഠിക്കുകയാണ് ഭാരതി. 2015ല്‍ സിബിഎസ്‌സി കലാതിലകവും ആയിരുന്നു. പഠനത്തോടനുബന്ധിച്ച് ഡൽഹിയിലെ നിരവധി വേദികളിലും മോഹിനിയാട്ടവും കഥകും അവതരിപ്പിച്ചിട്ടുണ്ട്.
തന്റെ കലാജീവിതത്തില്‍ കിട്ടിയ അതുല്യ മൂഹൂര്‍ത്തമാണ് ഭഗവാന്റെ ജന്മഭൂമിയില്‍ ദേവകലയായ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന് ഭാരതി പറയുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് യാത്ര തിരിച്ച ഭാരതി അവിടെ നിന്നാകും സംഘത്തിനൊപ്പം അയോദ്ധ്യയിലേക്ക് പോകുന്നത്.















