അണിയറപ്രവർത്തകർ പ്രതീക്ഷിക്കാത്ത നിലയിലേക്കാണ് തേജ സജ്ജ നായകനായ ഹനുമാൻ ചിത്രം ഉയർന്നിരിക്കുന്നത്. ചിത്രം സർപ്രൈസ് ഹിറ്റായി മാറിയെന്നാണ് ബോക്സോഫീസ് റിപ്പോർട്ട്. ആഗോളതലത്തിൽ ആകെ 120 കോടിയിലധികമാണ് ചിത്രം നേടിയത്. ചിത്രത്തെ സംബന്ധിച്ച് മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
ഹനുമാന്റെ ഹിന്ദി പതിപ്പ് 21.02 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. യാഷ് നായകനായ കെജിഎഫിന്റെ ആദ്യ ഭാഗത്തിനോടും ഋഷഭ് ഷട്ടിയുടെ കാന്തരയോടും കിടപിടിച്ചിരിക്കുകയാണ് ഹനുമാൻ. ബിഗ്ബജറ്റിലെടുത്ത് കെജിഎഫിന്റെയും കാന്താരയുടെയും വാരാന്ത്യ റെക്കോർഡുകളോട് അടുത്ത് നിൽക്കുകയാണ് ചെറിയ ബജറ്റിലെടുത്ത ചിത്രമായ ഹനുമാൻ.
ഒരാഴ്ചക്കുള്ളിലെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്‌ച്ചക്കുള്ളിൽ കെജിഎഫ് 1, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ കളക്ഷൻ റിപ്പോർട്ടുകളോടടുത്ത് നിൽക്കുകയാണ് ഹനുമാന്റെയും കളക്ഷൻ റിപ്പോർട്ട്. കെജിഎഫ് ഏഴ് ദിവസം കൊണ്ട് 21.45 കോടിയും റിഷബ് ഷെട്ടിയുടെ കന്നഡ ചിത്രം ഹിന്ദി ബെൽറ്റിൽ 14.24 കോടിയുമാണ് ആദ്യവാരം നേടിയത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യറാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ ഛായാഗ്രാഹണം ദാശരധി ശിവേന്ദ്രയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്ക് പുറമേ കന്നഡ, മറാത്തി, സ്‍പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുമായി ഈ മാസം 12നാണ് ചിത്രം റിലീസ് ചെയ്തത്.