ഭോപ്പാൽ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും അഞ്ച് ലക്ഷം ലഡ്ഡു അയോദ്ധ്യയിലേക്ക് അയച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ലഡ്ഡു കയറ്റിയ ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ അനേകം വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ട്രക്കുകൾ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.
പയർ മാവ്, റവ, നെയ്യ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചാണ് ലഡ്ഡു നിർമ്മിച്ചിരിക്കുന്നത്. ഓരോ ലഡ്ഡുവിനും 50 ഗ്രാം ഭാരമുണ്ടെന്ന് ക്ഷേത്ര് ട്രസ്റ്റ് അറിയിച്ചു. നൂറുകണക്കിന് വിശ്വാസികൾ ദിവസങ്ങളെടുത്താണ് ലഡ്ഡു നിർമ്മിച്ചത്. ലഡ്ഡു നിർമ്മിക്കുന്നതിനും പാക്കറ്റുകളിലാക്കുന്നതിനുമായി നിരവധി പേരാണ് ഉദ്യമത്തിൽ പങ്കാളികളായത്.
അയോദ്ധ്യാ നഗരത്തിന്റെ അടിത്തറ 2,000 വർഷങ്ങൾക്ക് മുമ്പ് വിക്രമാദിത്യ ചക്രവർത്തിയുടെ കാലത്ത് ഉണ്ടായതാണെന്നും അദ്ദേഹമാണ് യഥാർത്ഥ രാമക്ഷേത്രം നിർമ്മിച്ചതെന്നും മോഹൻ യാദവ് പറഞ്ഞു. ഇപ്പോൾ വീണ്ടും ശ്രീരാമൻ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങുകയാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കാൻ പോകുന്നു. ഈ വേളയിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.