ന്യൂഡൽഹി: തർക്കഭൂമി കേസിൽ ചരിത്ര വിധി പ്രസ്താവിച്ച സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരും പ്രാണപ്രതിഷ്ഠ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. ഇത് കൂടാതെ സുപ്രീം കോടതിയിലെ മുൻ ചീഫ് ജസ്റ്റിസുമാരും അഭിഭാഷകരും ഉൾപ്പെടെ 50 ലധികം നിയമജ്ഞരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
2019 നവംബർ 9-നാണ് സുപ്രീം കോടതിയുടെ അന്തിമ വിധി ഉണ്ടായത്. അഞ്ചംഗ ബെഞ്ച്, ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രമെന്ന് ഉത്തരവിട്ടതൊടെ നൂറ്റാണ്ടുകളായി നീണ്ടുനിന്ന തർക്കത്തിന് സമാപ്തിയായി.
രാമജന്മഭൂമി കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സുപ്രീം കോടതി മുൻ ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണിത്. 40 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.
അയോദ്ധ്യയിൽ മസ്ജിദ് നിർമിക്കുന്നതിന് സുന്നി വഖഫ് ബോർഡിന് 5 ഏക്കർ ഭൂമി നൽകാനും കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അധികം വൈകാതെ മസ്ജിദിന്റെ നിർമാണവും ആരംഭിക്കും.