തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ആദ്യഘട്ട കുറ്റപത്രം നൽകി ഇഡി. സിപിഐ നേതാവ് ഭാസുരാംഗനും കുടുംബവും അടക്കം ആറ് പ്രതികൾക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭാസുരാംഗനും കുടുംബവും ചേർന്ന് ബാങ്കിൽ നടത്തിയത് 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഭാസുരാംഗനാണ് കേസിലെ ഒന്നാം പ്രതി. മകൻ അഖിൽ രാജ് ഇയാളുടെ ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകൻ അഖിൽജിത്തിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ മാസം എറണാകുളം പിഎംഎൽഎ കോടതി തള്ളിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ബാങ്കിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നുമാണ് പ്രതികളുടെ വാദം.
ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണസമിതി കാലത്ത് 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ബാങ്കിൽ 1500-ഓളം നിക്ഷേപകർക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. അഖിൽജിത്തിന്റെ മൊഴിയിയാണ് കേസിൽ നിർണായകമായത്.