തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിലെ സിപിഎം പ്രതിരോധങ്ങൾ പൊളിയുന്നു. ദുരൂഹ ഇടപാടിനെ കുറിച്ചുള്ള എറണാകുളം ആർഒസി റിപ്പോർട്ട് പുറത്ത്. വീണാ വിജയന്റെ ഷെൽ കമ്പനിയാണോ എക്‌സാലോജിക് എന്നത് പരിശോധിക്കണം. ആർഒസിയുടെ ചോദ്യങ്ങൾക്ക് സിഎംആർഎൽ നൽകിയ മറുപടികൾ അവ്യക്തമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇരുകമ്പനികളും തമ്മിലുള്ള ഇടപാടുകളിൽ വിശദമായ പരിശോധന ആവശ്യമാണ്. കെഎസ്‌ഐഡിസിയുടെ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് ശരിവയ്‌ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടും. വീണാ വിജയന്റെ സ്വന്തം അക്കൗണ്ടിലേക്ക് സിഎംആർഎല്ലിൽ നിന്നും 55 ലക്ഷം രൂപ വന്നിരുന്നു. എന്നാൽ ഈ പണത്തെ കുറിച്ചുള്ള വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. എന്നാൽ ആർഒസിയുടെ ചോദ്യങ്ങളിൽ വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.