രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രം പ്രഖ്യാപിച്ച് എസ്എസ് രാജമൗലി . ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, താൽക്കാലിക തലക്കെട്ട് SSMB 29 എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും ഒന്നിക്കുകയാണ് . ഇത്രയും വലിയ ബജറ്റിൽ ഇതുവരെ ഒരു സിനിമയും നിർമ്മിച്ചിട്ടില്ല എന്നതിനാൽ രാജ്യത്തെ ഏറ്റവും വലിയ ചിത്രമായി ഇത് കണക്കാക്കപ്പെടുന്നു.
എസ് എസ് രാജമൗലിയുടെ അച്ഛൻ വിജേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിരക്കഥ എഴുതിക്കഴിഞ്ഞു. വിജേന്ദ്ര പ്രസാദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ചിത്രത്തിന്റെ സാങ്കേതിക ജോലികൾക്കായി മഹേഷ് ബാബു അടുത്തിടെ ജർമ്മനിയിൽ പോയിരുന്നു.അദ്ദേഹം ഉടൻ തിരിച്ചെത്തും. സിനിമയെക്കുറിച്ച് പറയുമ്പോൾ, ദാർശനിക കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച നൽകുന്നതാകും ചിത്രം.
ചിത്രത്തിലെ മഹേഷ് ബാബുവിന്റെ കഥാപാത്രം ഭഗവാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കുമെന്നാണ് പ്രാഥമിക വിവരം. ഇതുകൂടാതെ ഇന്തോനേഷ്യൻ നടി ചെൽസി ഐലാൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ മറ്റ് പല വമ്പൻ താരങ്ങളും ഈ ഹൈ ബജറ്റ് ചിത്രത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. സിനിമയുടെ ബജറ്റ് ഏകദേശം 1000 കോടിയോളം വരുമെന്നാണ് കരുതുന്നത്.















