അയോദ്ധ്യ: ജനുവരി 22 ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്താൻ തീരുമാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ വിശ്വാസവും അഭിമാനവും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ് പ്രാണപ്രതിഷ്ഠയെന്നും യോഗി പറഞ്ഞു. അയോദ്ധ്യയിലെ അന്താരാഷ്‌ട്ര രാംകഥ മ്യൂസിയത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.
‘പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആവേശകരമായ അന്തരീക്ഷമാണ് അയോദ്ധ്യയിലും ഉത്തർപ്രദേശിലും ഇപ്പോൾ കാണുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ ഓരോ വിശ്വാസിയും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം ചരിത്രത്തിൽ ഇടം പിടിക്കും. പൊതുജനങ്ങളുടെ സഹകരണവും സന്യാസിമാരുടെ അനുഗ്രഹവും ശ്രീരാമന്റെ കൃപയും ഉള്ളതിനാൽ ഈ ചടങ്ങ് മനോഹരമായി നടക്കും. അയോദ്ധ്യയിൽ ഇതിനോടകം തന്നെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.
തീർത്ഥക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കുന്ന ശ്രീരാമ ദർശനത്തിനുള്ള എല്ലാ പദ്ധതികൾക്കും പ്രാദേശിക തലത്തിൽ നിന്നും സംസ്ഥാനതലത്തിൽ നിന്നുമുള്ള സഹകരണം ഉണ്ടാകും. ഇവിടെയെത്തുന്ന ഭക്തർക്ക് ഭക്തിസാന്ദ്രമായി ദർശനം നടത്താനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷമാണ് കാത്തിരുന്ന സുദിനം എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ, എല്ലാവരുടെയും മനസിൽ അതിയായ ആവേശമായിരിക്കും. ഓരോ ഭക്തനും ഭഗവാന്റെ ദർശനം ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. നമ്മുടെയല്ലാം ഹൃദയങ്ങളിൽ ഇപ്പോൾ ഒരേ ആവേശമാണ്.
ഓരോരുത്തരും നിശ്ചയിക്കുന്ന പരിപാടികൾക്കല്ലാതെ എത്തരുത്. ആർക്കും തന്നെ അസൗകര്യങ്ങൾ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തി സമഗ്രമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള ബസ് സർവീസുകൾക്കായി പ്രാദേശിക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. എല്ലാവർക്കുമുള്ള ദർനത്തിന്റ സമയവും കൂടുതൽ വിശദാംശങ്ങളും ട്രസ്റ്റ് അറിയിക്കുന്നതാണ്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.’- യോഗി ആദിത്യനാഥ് പറഞ്ഞു.