ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ രാജ്യത്തിലെ ഭക്തർ ഒന്നടങ്കം ആവേശത്തിലാണ്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തതോടനുബന്ധിച്ച് രാജ്യത്തെ കേന്ദ്ര സർക്കാർ സഥാപനങ്ങൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്തുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള 7000-ൽ അധികം പ്രമുഖരാണ് പങ്കെടുക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അർധദിന അവധി നൽകിയിരിക്കുകയാണ് സർക്കാർ. റിസർവ് ബാങ്കും അർധദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 22-ന് 11 സംസ്ഥാനങ്ങളാണ് ഇതിനോടകം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മദ്ധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അർദ്ധ അവധിയോ പൂർണമായോ അവധി നൽകിയിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്ത് അന്നേ ദിവസം പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉത്തർപ്രദേശിലെ എല്ലാ മദ്യശാലകളും അടഞ്ഞു കിടക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയാണ് ഹരിയാനയിലും മദ്ധ്യപ്രദേശിലും. ഇവിടെയും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കില്ല. മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളും 22-ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര,ഛത്തീസ്ഗഡ്, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉച്ചവരെയാണ് അവധി.
ജനുവരി 22-ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് അപ്പീൽ നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാനുമായ മനൻ കുമാർ മിശ്രയാണ് അപേക്ഷ നൽകിയിരിക്കുന്നത്.