ലക്‌നൗ: സ്ത്രീധനം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പോലീസ് കേസെടുത്തു.
ഇസ്ലാം മതവിശ്വാസ പ്രകാരം 2015-ലാണ് ദമ്പതികളുടെ വിവാഹം നടന്നത്. 15 ലക്ഷം രൂപ സ്ത്രീധനം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ അതു മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. ഇനയും സ്ത്രീധനം വേണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. ഇതിന്റെ പേരിൽ ശാരീരികമായും മാനസികമായും യുവതിയെ പീഡിപ്പിച്ചു. രണ്ടാം വിവാഹം കഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവിൽ പണം കിട്ടിയില്ലെന്ന് കണ്ടപ്പോൾ കഴിഞ്ഞ ജൂലൈ മാസം യുവതിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മാതാപിതാക്കളോടൊപ്പമാണ് യുവതി കഴിയുന്നത്. അടുത്തിടെ ഭർത്താവ് വീട്ടിലേക്ക് വരികയും സ്‌കോർപിയോ കാർ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ അപ്പോൾ തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.